Monday, May 13, 2024
keralaNewspolitics

ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ ബില്ല് വരുന്നു

ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കളമൊരുങ്ങുന്ന ബില്ല് വരുന്നു. കള്ളവോട്ട് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇതടക്കമുള്ള പ്രധാന തെരഞ്ഞെടുപ്പ് പരിഷ്‌കരണഭേദഗതിക്ക് ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.നടപ്പ് സമ്മേളനത്തില്‍ത്തന്നെ വോട്ടെടുപ്പ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ബില്ല് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം ഒന്നിലധികം അവസരം നല്‍കുമെന്നതാണ് പരിഷ്‌കാരങ്ങളിലെ മറ്റൊരു ശ്രദ്ധേയമായ ഭാഗം. വോട്ടെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യമാക്കാനും, തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും, ഇരട്ടവോട്ടും കള്ളവോട്ടും തടയാനുമായാണ് പുതിയ നിയമപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത്. നേരത്തെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്ന നിര്‍ബന്ധമാക്കി കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പോലെ നിര്‍ബന്ധിതരീതിയിലാകില്ല വോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കുന്ന ഉത്തരവെന്നാണ് സൂചന. സ്വകാര്യതയ്ക്കുള്ള അവകാശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി കൂടി പരിശോധിച്ച്, ഇതിന്റെ അടിസ്ഥാനത്തിലാകും ഉത്തരവ് പുറത്തിറക്കുക.