Monday, May 20, 2024
EntertainmentkeralaNewsObituary

നടന്‍ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണകാരണം പുറത്ത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് നടന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ ഇന്നലെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. മരണത്തെ തുടര്‍ന്ന് പൊലീസ് വിനോദിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്റ്റാര്‍ട്ടാക്കിയ കാറിനുള്ളില്‍ കയറിയ വിനോദ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെയാണ് ബാര്‍ ജീവനക്കാര്‍ അന്വേഷിച്ചതും തുടര്‍ന്ന് ഉള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. അയ്യപ്പനും കോശിയും ഉള്‍പ്പെടെ ഉള്ള ചിത്രങ്ങളില്‍ അഭിനയിച്ചു.കോട്ടയം മീനടം സ്വദേശിയായ വിനോദിന് 47 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തില്‍ നടക്കും.