Thursday, May 2, 2024
NewsSports

തിരിച്ചടിച്ച് ഇന്ത്യ; അഹമ്മദാബാദില്‍ ഓസീസിനും തകര്‍ച്ച

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. 11 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ ട്രാവിസ് ഹെഡും ഒരു റണ്ണുമായി മാര്‍നസ് ലാബുഷെയ്‌നും ക്രീസില്‍. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ഓവറില്‍ ഞെട്ടിയത് ഇന്ത്യ

ജസ്പ്രീത് ബുമ്ര എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 15 റണ്‍സടിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ഇന്ത്യയെ ഞെട്ടിച്ചു. ഓസീസ് ഇന്നിംഗ്‌സിലെ ആദ്യ പന്ത് തന്നെ വാര്‍ണറുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടി ബൗണ്ടറി കടന്നു. അടുത്ത പന്തില്‍ മൂന്ന് റണ്‍സ്. നാലാം പന്തിലും ആറാം പന്തിലും ബൗണ്ടറി. ആദ്യ ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ്. പതിവ് തെറ്റിച്ച് ബുമ്രക്കൊപ്പം ന്യൂബോള്‍ എറിയാന്‍ വന്നത് മുഹമ്മദ് ഷമിയായിരുന്നു. ഷമിയുടെ ആദ്യ പന്ത് വൈഡായെങ്കിലും രണ്ടാം പന്തില്‍ തന്നെ ഷമി അപകടകാരിയായ വാര്‍ണറെ(7) സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ച് ആദ്യ പ്രഹരമേല്‍പ്പിച്ചു.