Monday, April 29, 2024
keralaNewspolitics

ലോകായുക്ത വിധിയില്‍ ഹൈക്കോടതിയെ സമീപിക്കും: പരാതിക്കാരന്‍

തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരായ ഹര്‍ജിയിലെ ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരാകണം. നീതിക്ക് വേണ്ടി സുപ്രീംകോടതിയില്‍ പോകാനും തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു.ഭിന്നവിധിയായതിനാലാകും വാദം പൂര്‍ത്തിയായിട്ടും ഇതുവരെയും ലോകായുക്ത വിധി പറയാതിരുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നതിനാലാണ് ലോകായുക്ത കോടതിയിപ്പോള്‍ വിധി പറയാന്‍ തയ്യാറായത്. സര്‍ക്കാരിനെതിരായ അഭിപ്രായമാണ് ബെഞ്ചിലെ ഒരാള്‍ക്കെന്നത് പ്രാധാന്യമര്‍ഹിക്കുന്നതും ഗൌരവമുള്ളതുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരാകണം. ഒരു ജഡ്ജി പ്രതികൂലമായി വിധിയെഴുതിയതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാന്‍ തയ്യാറാകണം. എന്ത് സമ്മര്‍ദ്ദം ചെലുത്തിയും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ലാവ്‌ലിന്‍ കേസിലും ഇത് തന്നെയാണ് നടന്നത് . ഈ ഹര്‍ജിയില്‍ അതിന് അനുവദിക്കില്ലെന്നും നീതിക്ക് വേണ്ടി സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും വിധി നേടുമെന്നും പരാതിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനില്‍ക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്.