Monday, April 29, 2024
EntertainmentkeralaNews

ബ്രഹ്‌മപുരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

കൊച്ചി : വിവാദമായ ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇതുവരെ’. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കലാഭവന്‍ ഷാജോണിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവായ അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തവും, പ്ലാന്റിനോട് ചേര്‍ന്ന് ജീവിക്കുന്ന കുടുംബത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ചിത്രം പ്രേര്‍ക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്.  ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് വിവാദം കെട്ടടങ്ങും മുന്നേ സംഭവത്തെ പറ്റിയുള്ള സിനിമ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തും ഉണ്ടാകുന്നതിന് മുന്നേ ആലോചിച്ച പ്രൊജക്റ്റാണ് ഇത്. മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങള്‍ ചിത്രത്തില്‍ അനാവരണം ചെയ്യും. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ തോമസ്. ഈ സിനിമയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നതും അനില്‍ തന്നെയാണ്. ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം തീപിടിത്തത്തിന്റെയും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് കേരളം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമൃദ്ധമായ കൃഷിയിടവും 100 ഓളം കുടുംബങ്ങളുടെ താമസസ്ഥലമായിരുന്നു ബ്രഹ്‌മപുരം. അവിടെ നിന്നും അവരെ കുടിയൊഴിപ്പിച്ച് മാലിന്യകൂമ്പാരമാക്കി മാറ്റി ഒരു വലിയ ദുരന്തത്തിന് കാത്തിരിക്കുകയായിരുന്നു നമ്മള്‍ എന്ന് സംവിധായകന്‍ അനില്‍ തോമസ് പറഞ്ഞു. കടമ്പ്രയാറും ചിത്രപ്പുഴയും ഒഴുകുന്ന കൃഷി ഭൂമിയാണിതെന്നും ഇത്തരത്തില്‍ ഒരു സ്ഥലത്ത് വലിയ മാലിന്യകൂമ്പാരം സൃഷ്ടക്കിക്കുക എന്ന മലയാളിയുടെ കാഴ്ചപ്പാട് തന്നെ ചോദ്യം ചെയ്യപ്പെടേണ്ട വസ്തുതാണെന്നും അദ്ദേഹം പറഞ്ഞു.