വിവാഹ ദിനത്തില്‍ മുങ്ങി; യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ പിടിയില്‍

കൊല്ലം: പ്രണയത്തിലായി വിവാഹവാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കൊല്ലം കാട്ടാമ്പള്ളി സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. ബെഗ്‌ളൂരുവില്‍ നിന്നാണ് അഖിലിനെ പിടികൂടിയത്. ആത്മഹത്യ പ്രേരണ കുറ്റം, പട്ടിക ജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.അഖിലും യുവതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരുടെയും ബന്ധത്തെ അഖിലിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി യുവതിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം അറിയിച്ചിരുന്നു. ഫെബ്രുവരി 23-ന് വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. വിവാഹദിനത്തില്‍ പെണ്‍കുട്ടി എത്തിയെങ്കിലും അഖില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. അതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.