എരുമേലി പോലീസ് സ്റ്റേഷനിലെ മുഴുവൻ സിസിടിവി ക്യാമറകള്‍ നിശ്ചലമായി
എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിൽ ഒന്നര കോടി ചിലവഴിച്ച് നിർമ്മിച്ച എരുമേലി പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ നിശ്ചലമായി. പോലീസ് സ്റ്റേഷൻ ജംഗഷൻ മുതൽ കെഎസ്ആർടിസി ബസ്റ്റാൻഡ് – വാഴക്കാല വരെയുള്ള റോഡിലെ പ്രധാന കേബിൾ മുറിച്ചതാണ് സ്റ്റേഷനിലെ മുഴുവൻ സിസിടിവി ക്യാമറകളും കഴിഞ്ഞ അഞ്ച് ദിവസമായി നിശ്ചലമായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പിന്റെ പോസ്റ്റിൽ കെട്ടിയ കേബിളുകൾ കട്ട് ചെയ്തതാണ് പോലീസിന്റെ സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാക്കാൻ കാരണമെന്നും പറയുന്നു. ഉപയോഗ രഹിതമായ കേബിളുകൾ നീക്കം ചെയ്യണമെന്നും ഉപയോഗിക്കുന്ന കേബിളുകൾക്ക് ടാഗ് നൽകണമെന്നും ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു. എന്നാൽ ടാഗ് ചെയ്യാത്ത കേബിളുകളാണ് കട്ട് ചെയ്തതെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ പോലീസിന്റെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായത് പോലീസിനെയും വട്ടം കറക്കുകയാണ്. എരുമേലിലെ പ്രധാനപ്പെട്ട മേഖലയിലെ സിസിടിവി ക്യാമറകളാണ് ഇത്തരത്തിൽ പ്രവർത്തനരഹിതമായിരിക്കുന്നത്.