Sunday, April 28, 2024
keralaNewsUncategorized

കള്ളനോട്ട് കേസ്: വനിതാ കൃഷി ഓഫീസര്‍ പോലീസിന് മുന്നില്‍ ഉരുണ്ട് കളിക്കുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിത കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം പേരൂര്‍ക്കടയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ മോളെ മാറ്റിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. പൊലീസ് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചപ്പോള്‍, തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സ വേണമെന്നുമുള്ള ജിഷയുടെ വാദം അംഗീകരിക്കുകയായിരുന്നു.കളളനോട്ട് കേസില്‍ പോലീസ് പിടിയിലായ ആലപ്പുഴ എടത്വയിലെ കൃഷി ഓഫീസറായ എം ജിഷമോളെ സസ്പെന്റ് ചെയ്തിരുന്നു.   മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന ജിഷയെ ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ജിഷയെ ഒരാഴ്ച മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കും. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന ജിഷയുടെ വാദം കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം പോലീസിനുണ്ട്. ജിഷമോള്‍ നല്‍കിയ നോട്ടുകള്‍ പരിചയക്കാരനായ ഒരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ജിഷമോളുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ 7 കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. കള്ളനോട്ടുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്നോ ഇതിന്റെ ഉറവിടത്തെക്കുറിച്ചോ ഇതിന് പിന്നില്‍ ആരൊക്കെയാണ് ഉള്ളതെന്നോ ജിഷമോള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ആലപ്പുഴ നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജിഷമോള്‍ മുന്‍പ് എയര്‍ഹോസ്റ്റസായിരുന്നു എന്നാണ് പറഞ്ഞിരുന്നത്. ഫാഷന്‍ ഷോകളിലും മോഡലിംഗിലും സജീവമാണ്. ബിഎസ്സി അഗ്രിക്കള്‍ച്ചറല്‍ ബിരുദധാരിയായ ഇവര്‍ 2009ല്‍ സ്‌പൈസസ് ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസറായിരുന്നു. 2013ലാണ് കൃഷി ഓഫീസറായി ജോലി നേടിയത്. മുന്‍പ് ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതായും ജിഷയ്ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.