Monday, April 29, 2024
keralaNewsUncategorized

അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കള്‍ എത്തും

തൃശൂര്‍: മരിച്ച അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെയും, അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മക്കളെ അനുവദിക്കാതെ ഭര്‍തൃവീട്ടുകാരുടെ പിടിവാശിക്കെതിരെ ഉയര്‍ന്ന പരാതിയെ തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനമായി. എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടു.    ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടര്‍ന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും.പാവറട്ടി നാട്ടികയിലെ ഭര്‍ത്താവ് സന്തോഷിന്റെ വീട്ടില്‍ വെച്ച് കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശ വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്ക് പാവറട്ടിയിലെ ആശയുടെ വീട്ടിലാണ് സംസ്‌കാരം നിശ്ചയിച്ചത്. മക്കളെത്താത്തതിനാല്‍ വൈകുകയായിരുന്നു. ആശയും സന്തോഷും വിവാഹിതരായിട്ട് 12 വര്‍ഷം കഴിഞ്ഞു. ഇവര്‍ക്ക് പത്തും നാലും വയസ് പ്രായമുള്ള രണ്ട് ആണ്‍മക്കളാണ് ഉള്ളത്.ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. പ്രവാസിയായ സന്തോഷ് മൂന്ന് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. ആശയെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ സന്തോഷ് സന്ദര്‍ശിച്ചിരുന്നു. പിന്നീട് ഇവിടെ നിന്ന് പോയ ഇയാള്‍ മൃതദേഹം കാണാനോ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാനോ തയ്യാറായില്ല. നാട്ടികയില്‍ മൃതദേഹം സംസ്‌കരിക്കണം എന്നായിരുന്നു ആശയുടെ കുടുംബത്തിന്റെ ആവശ്യം. ഇതിന് സന്തോഷിന്റെ കുടുംബം തയ്യാറായില്ല. തുടര്‍ന്നാണ് പാവറട്ടിയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കുട്ടികളെ കേണപേക്ഷിച്ചിട്ടും വിട്ടുനല്‍കാന്‍ സന്തോഷും കുടുംബവും തയ്യാറാവുന്നില്ല. ഭര്‍തൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടര്‍ന്ന് മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല.ജില്ല ഭരണ കൂടത്തിന്റേയും – പോലീസിന്റേയും ഇടപെടലിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം കാണിക്കാന്‍ കുട്ടികളെ ഭര്‍ത്താവ് അയക്കുകയായിരുന്നു.എന്നാല്‍ ആശയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.