Saturday, May 4, 2024
keralaNewspolitics

എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങള്‍ വനമേഖല എന്ന വാദം തെറ്റ് : അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ 11,12 വാര്‍ഡുകളായ എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശങ്ങള്‍ വനമേഖലയാണ് എന്നും,പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണെന്നും ഉള്ള വാദം നിരര്‍ത്ഥകമാണെന്ന് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു.  1950 കളില്‍ തിരു-കൊച്ചി സര്‍ക്കാര്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം കര്‍ഷകരെ കുടിയിരുത്തി നല്‍കിയ ഭൂമിയാണ് പമ്പാവാലി, ഏഞ്ചല്‍വാലി പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൈവശം വച്ചിരിക്കുന്നത്. ഇത് വനഭൂമി അല്ല എന്നും റവന്യൂ ഭൂമിയാണെന്നും അക്കാലത്ത് തന്നെ വനം വകുപ്പ് അംഗീകരിച്ചിരുന്നതുമാണ്.പെരിയാര്‍ ടൈഗര്‍ റിസര്‍വുമായി ബന്ധപ്പെട്ട അതിര്‍ത്തി നിര്‍ണയത്തില്‍ ഈ മേഖലകള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എങ്കില്‍ അത് തിരുത്തിയേ മതിയാകൂ. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും, വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും എം. എല്‍.എ അറിയിച്ചു.ഇതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും നിവേദനം നല്‍കുകയും ചെയ്യും. അതിനായി ജനുവരി നാലാം തീയതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട് എന്നും എംഎല്‍എ അറിയിച്ചു. കൂടാതെ വനംമന്ത്രി എ.കെ ശശീന്ദ്രനുമായും ചര്‍ച്ച നടത്തും.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഈ വിഷയം കേന്ദ്ര ഗവണ്‍മെന്റിന്റെയും,പരിസ്ഥിതി മന്ത്രാലയത്തിന്റെയും എംപവേര്‍ഡ് കമ്മിറ്റിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ജനുവരി ഒന്നാം തീയതി എയ്ഞ്ചല്‍ വാലി, പമ്പാവാലി പ്രദേശങ്ങളില്‍ എത്തി ജനങ്ങളുമായി ആശയവിനിമയം നടത്തും. ഈ പ്രദേശങ്ങളിലെ കൈവശ കൃഷിക്കാര്‍ക്ക് 2023 മാര്‍ച്ച് മാസത്തിനകം ഒന്നാംഘട്ട പട്ടയ വിതരണം നടത്തും. ബഫര്‍ സോണ്‍- വനമേഖല വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കര്‍ഷക ദ്രോഹ സമീപനങ്ങള്‍ വെച്ച് പുലര്‍ത്തുന്നത് അനുവദിക്കുകയില്ല. വനം-പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ജനദ്രോഹ നടപടികള്‍ സ്വീകരിച്ചാല്‍ അതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.