Friday, May 3, 2024
indiaNews

അമ്മ ഹീരാബെന്നിന് ആചാരപൂര്‍വം സംസ്‌കാരം; പ്രധാനമന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങുന്നു

ന്യൂഡല്‍ഹി :അമ്മ ഹീരാബെന്നിന്റെ ഭൗതിക ദേഹം സംസ്‌കരിച്ച് പ്രധാനമന്ത്രി ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങുന്നു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം.അമ്മയെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ചിരുന്ന നരേന്ദ്രമോദിക്ക് അവസാന നിമിഷങ്ങളിലും അമ്മയ്ക്കൊപ്പം അടുത്തിരിക്കാനുള്ള സൗഭാഗ്യമുണ്ടായി. ഒരു പുത്രനെന്ന നിലയില്‍ തന്റെ കടമ നിര്‍വഹിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നരേന്ദ്രമോദി സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. ആശുപത്രിയില്‍ നിന്നും റയ്സാന്‍ വസതിയിലേയ്ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. നരേന്ദ്രമോദിയും സഹോദങ്ങളും ബന്ധുമിത്രാദികളും ചേര്‍ന്നാണ് സംസ്‌കാര പൂര്‍വ ചടങ്ങുകള്‍ നടത്തിയത്. അമ്മയുടെ ഭൗതിക ദേഹം തോളിലേറ്റിയാണ് നരേന്ദ്രമോദി ബന്ധുക്കള്‍ക്കൊപ്പം ശ്മശാനഭൂമിയിലേക്ക് നടന്നത്. സഹോദരന്‍ സോമഭായ് മോദിയും നരേന്ദ്രമോദിക്കൊപ്പം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.