Sunday, May 19, 2024
keralaNewspolitics

തീരൂരില്‍ പ്രതിമ സ്ഥാപിക്കാന്‍ മടി കാണിക്കുന്നത് എന്തിനാണെന്ന് കെ.എസ്.രാധാകൃഷ്ണന്‍

തിരുവനന്തപുരം: മലയാളക്കരയ്ക്ക് മനുഷ്യലോകത്തിന്റെ ഹൃദയതാളമായ രാമായണം പരിചയപ്പെടുത്തിയ എഴുത്തച്ഛനോട് കേരളം ക്രൂരത കാണിച്ചെന്ന് മുന്‍ പിഎസ്‌സി ചെയര്‍മാനും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ കെ.എസ്.രാധാകൃഷ്ണന്‍. തിരൂരില്‍  തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ എന്തിനാണ് മടി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അഖിലഭാരത ശ്രീമദ് ഭാഗവത സത്രത്തില്‍ സംസാരിക്കുകയായിരുന്നു കെ.എസ്.രാധാകൃഷ്ണന്‍. ആഖ്യാനശൈലി കൊണ്ടും കാവ്യത്മകത കൊണ്ടും മലയാള ഭാഷയ്ക്ക് ആത്മാവ് പകര്‍ന്നു തന്ന മഹാകവിയാണ് തുഞ്ചത്തെഴുത്തച്ഛന്‍. മലയാളി ചിരിക്കുന്നതും കരയുന്നതും വിഷാദിച്ചിരിക്കുന്നതും ആഹ്ലാദിക്കുന്നതും ക്രോധിക്കുന്നതുമെല്ലാം ഭാഷയിലും താളത്തിലും പറഞ്ഞു തന്നതു കൊണ്ടാണ് എഴുത്തച്ഛന്‍ മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും കുലപതിയായി ഇന്നും നിലനില്‍ക്കുന്നത് . ഇന്നും എഴുത്തച്ഛന് തീരൂരില്‍ ഒരു പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തവരാണ് മലയാളികള്‍. എന്തിനാണ് പ്രതിമ പണിയാന്‍ മടി കാണിക്കുന്നത്. എഴുത്തച്ഛനോട് മലയാളികള്‍ കാണിക്കുന്നത് ക്രൂരതയാണ്. ഭാരതത്തിന്റെ തത്വ ചിന്തയിലാണ് കലയും സാഹിത്യവും ഉണ്ടായത്. ഭാരതം നിലനില്‍ക്കുന്നത് തന്നെ രാമായണത്തിലൂടെയാണ്. എല്ലാ മേഖലയിലും ആത്മനിയന്ത്രണം പാലിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച മഹത് ഗ്രന്ഥമാണ് രാമായണം എന്നും കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.