Monday, April 29, 2024
keralaNews

നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി.

ആലപ്പുഴ: നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ആലപ്പുഴയിലാണ് അടുത്തടുത്തുള്ള രണ്ട് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആലപ്പുഴ അറവുകാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളും തൊട്ടടുത്ത ഐടിസിയിലെ വിദ്യാര്‍ത്ഥികളുമാണ് ഏറ്റുമുട്ടിയത്. ഐടിസി വിദ്യാര്‍ത്ഥികള്‍ അറവുകാട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞ ശേഷമാണ് സംഘര്‍ഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഘട്ടനത്തില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് സ്റ്റേഷനിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് വിദ്യാര്‍ത്ഥിനികള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഘര്‍ഷം. അര മണിക്കൂറോളം സംഘര്‍ഷം ഉണ്ടായി. നാട്ടുകാരും പൊലീസും വന്ന ശേഷമാണ് കുട്ടികളെ പിരിച്ചുവിട്ടത്. പിന്നാലെയാണ് സംഭവത്തിന് കാരണക്കാരായ പത്ത് വിദ്യാര്‍ത്ഥികളോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്