Monday, April 29, 2024
NewsSportsworld

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ പരാജയപ്പെടുത്തി ക്രൊയേഷ്യയുടെ മുന്നേറ്റം.ഇരുടീമുകളും നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച് പെനാല്‍റ്റിയില്‍ ഏറ്റുമുട്ടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1നാണ് ക്രൊയേഷ്യയുടെ വിജയം. ജപ്പാനാണ് ക്രൊയേഷ്യയെ ഞെട്ടിച്ച് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. നാല്പത്തി മൂന്നാം മിനിറ്റില്‍ ഡയസന്‍ മയേദയുടെ വകയായിരുന്നു ജപ്പാന്റെ ഗോള്‍. ഒന്നാം പകുതിയില്‍ മുന്നിട്ട് നിന്ന ജപ്പാനെതിരെ, രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. ഡെജാന്‍ ലോവ്രന്റെ ക്രോസ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഇവാന്‍ പെരിസിച്ച് ഗോളാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമുകളുടെയും കരുത്തുറ്റ പ്രതിരോധം കണ്ട മത്സരം നിശ്ചിത സമയത്തും അധിക സമയത്തും സമനിലയില്‍ തുടര്‍ന്നു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയതോടെ ജപ്പാന്റെ പരാജയവും. തക്കൂമി മിനാമിനോ, കവോറു മിറ്റോമോ, മയാ യൊഷീദോ എന്നിവര്‍ ജപ്പാന്റെ കിക്കുകള്‍ പാഴാക്കി. എന്നാല്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിച്ച ക്രൊയേഷ്യ നാലില്‍ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ ഖത്തറില്‍ ഏഷ്യന്‍ സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി ലൂക്കാ മോഡ്രിച്ചും സംഘവും ക്വാര്‍ട്ടറിലേക്ക് മുന്നേറി.