Monday, April 29, 2024
keralaNewspolitics

ശശിതരൂര്‍ ഇന്ന് പത്തനംതിട്ടയില്‍

ശശിതരൂര്‍ ഇന്ന് പത്തനംതിട്ടയില്‍. അടൂരില്‍ നടക്കുന്ന ബോധി ഗ്രാമിന്റെ വാര്‍ഷിക പ്രഭാഷണത്തിനയാണ് ക്ഷണം എങ്കിലും പരിപാടിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുമെന്ന സൂചനയാണ് ഉള്ളത്. അതേസമയം മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ്, പത്തനതിട്ട എംപി ആന്റോ ആന്റണി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നും അറിയിച്ചിട്ടുണ്ട്.

ശക്തിക്ഷയം സംഭവിച്ച എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇന്ന് ശശി തരൂര്‍ പത്തനംതിട്ട അടൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. രാഷ്ട്രീയമില്ലാത്ത പരിപാടി എന്ന് സംഘാടകര്‍ അവകാശപ്പെടുമ്പോഴും കെപിസിസി പബ്ലിക്ക് പോളിസി വിഭാഗം അധ്യക്ഷനാണെന്നതും ശ്രദ്ധേയമാണ്. പത്തനംതിട്ട ഡിസിസിയെ പരിപാടിയെക്കുറിച്ച് അറിയിച്ചിട്ടില്ല എന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഡിസിസി പ്രസിഡന്റ് അടക്കം പരിപാടിയില്‍ നിന്ന് വിട്ടു നിന്നേക്കും.

ഇതിന് പുറമെ പഴയ ഐ ഗ്രൂപ്പിലുണ്ടായിരുന്നവരും നിലവില്‍ കെ.സി.വേണുഗോപാലിന് ഒപ്പം നില്‍ക്കുന്നവരുമായ ഒരു വിഭാഗം പരിപാടിയെ വിഭാഗീയ പ്രവര്‍ത്തനമായാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ പത്തനംതിട്ട എംപി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജടക്കമുള്ള മുന്‍ എ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുക്കുകയും ചെയ്യും. ജില്ലയില്‍ പല തട്ടിലായി നില്‍ക്കുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ പരിപാടിയെക്കുറിച്ച് അഭിപ്രായ പ്രകടനത്തിന് പോലും തയ്യാറായിട്ടുമില്ല. ഏതായാലും തരൂരിന്റെ വരവ് പത്തനംതിട്ടയിലെ കോണ്‍ഗ്രസിനുള്ളില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തുടക്കം കുറിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.