Sunday, May 19, 2024
indiaNews

അഹമ്മദാബാദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് എട്ട് തൊഴിലാളികള്‍ മരിച്ചു.

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് എട്ട് തൊഴിലാളികള്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് സമീപം അപകടമുണ്ടായത്. താല്‍ക്കാലികമായി ഉണ്ടാക്കിയ ലിഫ്റ്റ് ഏഴാം നിലയില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകട കാരണം വ്യക്തമല്ല. സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നതിലടക്കം വീഴ്ചയുണ്ടായോ എന്ന് പൊലീസ് അന്വേഷിക്കും. മരിച്ചവരെല്ലാം ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ നിന്നുള്ളവരാണ്.

കെട്ടിട നിര്‍മാതാക്കള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മേയര്‍ കെ ജെ പര്‍മര്‍ പറഞ്ഞു. അതേസമയം, രാവിലെ 7.30 ഓടെയാണ് സംഭവം നടന്നതെന്നും കെട്ടിട നിര്‍മ്മാതാവ് സംഭവം മൂടിവെക്കാന്‍ ശ്രമിച്ചെന്നും പൊലീസില്‍ 11മണിക്കാണ് വിവരം അറിയിച്ചതെന്നും ആരോപമുയര്‍ന്നു.