Wednesday, April 24, 2024
keralaNews

യുകെയില്‍ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.

ലണ്ടന്‍ യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തില്‍ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയര്‍ന്നു.സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച്, യുഎസിലുടനീളമുള്ള സമീപകാല കേസുകളില്‍ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിന്‍ഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതല്‍ ഗുരുതരമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യാപനശേഷിയുണ്ട്.