Tuesday, April 30, 2024
AstrologykeralaNews

മഹാബലി തമ്പുരാന്റെയും വാമനന്റെയും ഐതിഹ്യം നിറഞ്ഞ മലയാളത്തിന്റെ ഉത്സവമാണ് തിരുവോണം

പൊന്നോണത്തെ വരവേറ്റ് മലയാളികള്‍ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിനും സമ്പന്നമായ തിരുവോണത്തെ വരവേറ്റ് മലയാളികള്‍ ഇന്ന് ഓണം ആഘോഷിക്കുകയാണ്.നാടും നഗരവും ആഘോഷത്തിന്റെ തിരക്കിലാണ് . കഴിഞ്ഞ കാലത്തുണ്ടായ ദുരിതങ്ങള്‍ക്ക് വിടപറഞ്ഞു സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും കൂടി ആഘോഷമാണ് ഇത്തവണ ഓണത്തിനുള്ളത്. ചിങ്ങമാസത്തിലെ ഈ പൊന്നിന്‍ തിരുവോണത്തിന് ഇത്തവണ ഏറെ സവിശേഷതകളും ഉണ്ട് . പ്രളയങ്ങളും മഹാമാരിയും കടന്നുപോയ നാളുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഈ സുദിനമാണ് തിരുവോണത്തിന് ഏറെ മാറ്റുകൂട്ടുന്നത്. ഓണ ആഘോഷങ്ങളുടെ ഭാഗമായി പഴയകാല സ്മരണകള്‍ പുതുക്കിയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത് .ലോകം മുഴുവന്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്ന ഈ വേളയില്‍ കേരള ബ്രേക്കിംഗ് ന്യൂസിന്റെയും തിരുവോണ ആശംസകള്‍ . ക്ഷേത്രങ്ങളില്‍ എല്ലാം പൂക്കള്‍ കൊണ്ട് അത്തപ്പൂക്കളം ഒരുക്കി തിരുവോണത്തെ വരവേല്‍ക്കുന്നു. മഹാബലിയെ സ്മരിക്കുന്ന തിരുവോണം മലയാളികള്‍ക്ക് എന്നും ആഘോഷം തന്നെയാണ്. മഹാബലി തമ്പുരാന്റെ ഐതിഹ്യവും വളരെ പ്രധാനപ്പെട്ടതും.വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമായ മഹാധൈര്യശാലിയും രാജാക്കന്മാര്‍ക്കിടയിലെ രാജാവുമായ മഹാബലി ചക്രവര്‍ത്തി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അസുരരാജാവായിരുന്നുവെങ്കിലും മഹാവിഷ്ണുവിന്റെ വലിയ ഭക്തനായിരുന്നു. അസുന്മാരുടെ കര്‍മ്മഭൂമി പാതാളമാണ്. എത്ര നല്ലവനാണെങ്കിലും ഭൂമിയിലെ കര്‍മ്മം ശേഷം ആര്‍ക്കും ഇവിടെ സ്ഥാനമില്ല. എന്നാല്‍ മഹാബലിയുടെ പരാക്രമം അദ്ദേഹത്തെ ത്രിലോകാധിപതിയാക്കിതോടെ ദേവന്മാര്‍ക്ക് ദേവലോകം നഷ്ടമായി. അങ്ങനെ ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച മഹാവിഷ്ണു തന്റെ അഞ്ചാമത്തെ അവതാരമായ വാമനവേഷം സ്വീകരിക്കാന്‍ തയ്യാറായി. നര്‍മ്മദയുടെ ഉത്തരതീരത്ത് ദൃഗുകച്ഛം എന്ന ക്ഷേത്ര ഭൂമിയിലേക്ക് യാത്രതിരിച്ചു. അവിടെയാണ് ശുക്രാചാര്യയുടെ നേതൃത്വത്തില്‍ മഹാബലി യാഗം നടത്തിയിരുന്നത്. ഈ യാഗശാലയിലേക്ക് ബ്രാഹ്‌മണബാലവേഷത്തില്‍ വാമനാവതാരം പ്രവേശിക്കുകയുണ്ടായി.വാമനനെ കണ്ടമാത്രയില്‍ ആദരിച്ച് സ്വീകരിച്ച് പാദപൂജ ചെയ്ത് അദ്ദേഹത്തിന് ഇരിപ്പിടം നല്‍കി മഹാബലി മഹാവിഷ്ണുവിനെ സന്തുഷ്ടനാക്കി. എന്നിട്ട് പറഞ്ഞു. അങ്ങ് മഹാനാണെന്ന് ഞാനറിയുന്നു. അവിടുത്തെ ആഗമനോദ്ദേശ്യമെന്തെന്ന് അരുളിയാലും. ‘പശുക്കളോ ധനമോ,ഗൃഹമോ ഗ്രാമമോ എന്ത് ചോദിച്ചാലും ഞാന്‍ തരാം.മഹാബലിയുടെ ഈ പ്രഖ്യാപനമാണ് അദ്ദേഹത്തിന് പിന്നീട് ആപത്തായത്. പ്രപഞ്ചം മുഴുവനും എന്തിന് മഹാബലിയടക്കം ഈശ്വരനും ഈശ്വരന്റേതുമാകുമ്പോള്‍ പശുക്കളും ധനവും ‘ എന്റേതാകുന്നതെങ്ങനെ . ഈ അജ്ഞാനത്തെയാണ് അഹങ്കാരം എന്നു പറയുന്നത്. നാം ‘ഞാന്‍’ എന്നും’ എന്റേത്’ എന്നും കല്‍പ്പിക്കുന്നത് വാസ്തവത്തില്‍ ഈശ്വരനും ഈശ്വരന്റേതുമാണ്. സത്യത്തില്‍ നമുക്ക് സ്വന്തം എന്നുപറയാനാവുന്നത് ഈ അഹങ്കാരബോധം മാത്രമാണ്. ഈ അഹങ്കാരബോധത്തൈ ബോധ്യപ്പെടുത്താനായിരുന്നു മഹാവിഷ്ണു ഭൂമിയില്‍ വാമനനായി അവതരിച്ചത്.മഹാബലിയുടെ ചോദ്യത്തിന് വാമനന്‍ തപസ്സ് ചെയ്യാനായി മൂന്നടി മണ്ണ് മാത്രമാണ് ചോദിച്ചത്.ത്രിലോകാധിപതിയായ തന്നോട് ഇത്ര കുറച്ച് ചോദിക്കുന്നത് എന്താണെന്നാണ് ഇതിന് മറുപടിയായി മഹാബലി ചോദിച്ചത്. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാനറിയാത്തവന് ലോകം മുഴുവനും കിട്ടിയാലും തൃപ്തി വരില്ലെന്ന് വാമനന്‍ മഹാബലിയെ അറിയിച്ചു. ശക്തി കൊണ്ട് മൂന്ന് ലോകവും കീഴടക്കി ഭരിക്കുന്നവനാണ് ബലി. മൂന്നടി മണ്ണ് വാമനന് നല്‍കാന്‍ തീരുമാനിച്ച മഹാബലിയെ വാമനന്റെ അഗമനോദ്ദേശം മനസിലാക്കിയ ശുക്രാചാര്യര്‍ തടഞ്ഞു. എന്നാല്‍ ബലി വാക്കില്‍ ഉറച്ചു നിന്നു. ബലിയുടെ ഐശ്വര്യം മുഴുവന്‍ നഷ്ടമാകട്ടെയെന്ന് കോപം പൂണ്ട ശുക്രാചാര്യര്‍ ശപിച്ചു. ഭൂദാനത്തിനു കിണ്ടിയില്‍നിന്നു ജലമെടുക്കാന്‍ ശ്രമിച്ച ബലിയ്ക്ക് വെള്ളം കിട്ടിയില്ല. വാമനകാട്ടെ ദര്‍ഭമുനകൊണ്ട് കിണ്ടിയുടെ നാളത്തില്‍ ഒരു കുത്തുവെച്ചു കൊടുത്തു. ജലപ്രവാഹം തടയാനായി കിണ്ടിയില്‍ തവളയുടെ രൂപത്തിലിരുന്ന ശുക്രാചര്യരുടെ കണ്ണിലാണ് ദര്‍ഭ കൊണ്ടത്. ശിഷ്യനെ അഹങ്കാരത്തിന്റെ പാതയിലേക്ക് നയിച്ച ഗുരുവിനുള്ള ശിക്ഷയായിരുന്നു അത്.തുടര്‍ന്ന് ബലി നോക്കി നില്‍ക്കെ വാമനന്‍ വളര്‍ന്ന് ഭീമാകാരനായി. രണ്ടടി കൊണ്ട് ത്രിലോകം മൊത്തം സ്വന്തമാക്കിയ വാമനന്‍ മൂന്നാമത്തെ അടിയെവിടെ വെയ്ക്കണമെന്ന് ചോദിച്ചു. ഇതോടെ തനിക്ക് മുന്‍പില്‍ നില്‍ക്കുന്നത് ഒരു സാധാരണ ബ്രാഹ്‌മണന്‍ അല്ലെന്ന് തിരിച്ചറിഞ്ഞ മഹാബലി തന്റെ ശിരസ്സ് നീട്ടി കൊടുത്തു. വാമന ദര്‍ശനം ലഭിച്ച മഹാബലിയുടെ എല്ലാ അഹങ്കാരവും അതോടെ അസ്തമിച്ചിരുന്നു.അഹങ്കാരം മാറ്റി ഭക്തനെ അനുഗ്രഹിക്കാനായി എത്തിയ മഹാവിഷ്ണു ബലിയോടായി ഇങ്ങനെ പറഞ്ഞു.ഹേ, മഹാബലേ, അങ്ങയുടെ ഈ ജന്മത്തിലേയും മന്വന്തരത്തിലേയും ദൗത്യം തീര്‍ന്നിരിക്കുന്നു.അങ്ങയെ ഇതിലും മഹത്തായ മറ്റൊരു ദൗത്യം കാത്തിരിക്കുന്നു.അടുത്ത മന്വന്തരത്തിലെ ദേവേന്ദ്രസ്ഥാനം അങ്ങക്കുള്ളതാണ്. അത് വരെ അങ്ങ് വൈകുണ്ഠതുല്യമായ സുതലത്തില്‍ വൈകുണ്ഠ സമീപത്തു തന്നെ വസിച്ചാലും.മഹാവിഷ്ണുവിന്റെ വാക്കുകള്‍ ശിരസ വഹിച്ച അദ്ദേഹത്തിന് പക്ഷേ പ്രജകളെ വിട്ട് പാതാളത്തിലേക്ക് പോവുകയെന്നത് വിഷമകരമായ കാര്യമായിരുന്നു. അതുകൊണ്ട് വര്‍ഷത്തില്‍ ഒരു തവണ തന്റെ പ്രജകളെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് മഹാബലി മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു.ഈ ആവശ്യം അംഗീകരിക്കാന്‍ മഹാവിഷ്ണുവും തയ്യാറായിരുന്നു.ഇവിടെ നിന്നും പോയാലും മഹാബലിയെ എന്നും പ്രജകള്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുമെന്നും മഹാവിഷ്ണു മഹാബലിക്ക് അനുഗ്രഹം നല്‍കുകയും ചെയ്തു. മഹാവിഷ്ണു നല്‍കിയ വരം അനുസരിച്ച് തന്റെ പ്രജകളെ കാണാന്‍ മഹാബലി പാതാളത്തില്‍ നിന്നും തിരിച്ചുവരുന്ന ദിവസമാണ് മലയാളികള്‍ വര്‍ഷം തോറും ഓണമായി ആഘോഷിച്ചു വരുന്നത്. ചിങ്ങത്തിലെ അത്തം ദിവസം മുതല്‍ തുടങ്ങുന്ന മഹാബലിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ തിരുവോണത്തോടെയാണ് അവസാനിക്കുക. എല്ലാവര്‍ക്കും കേരള ബ്രേക്കിംഗ് ന്യൂസിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.