സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ധോണി മതി
മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ വീണ്ടും മഹേന്ദ്ര സിംഗ് ധോണി തന്നെ. രവീന്ദ്ര ജഡേജ നായകസ്ഥാനം മുന്‍ നായകനായിരുന്ന ധോണിക്ക് കൈമാറി.
ടീമിന്റെ താല്പര്യം കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ട്വിറ്ററില്‍ വ്യക്തമാക്കി.
ഈ സീസണില്‍ വന്‍ തോല്‍വികള്‍ നേരിട്ട ചെന്നൈ സൂപ്പര്‍കിംഗ്സിന് എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ ജയിക്കാനായിരുന്നുള്ളൂ.
ഇനിയുള്ള ആറ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ചെന്നൈക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
ക്യാപ്റ്റനെന്ന നിലയില്‍ ജഡേജയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നില്ലെന്ന് ടീമംഗങ്ങളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കളിയില്‍ നിര്‍ണായക തീരുമാനങ്ങളെല്ലാം എടുക്കുന്നതും ധോണിയായിരുന്നു.
ഇതാണ് ധോണിയെ വീണ്ടും നായകസ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ കാരണം.ഈ സീസണിന്റെ ആദ്യമാണ് ചെന്നൈ ടീമിന്റെ നായകസ്ഥാനം ധോണി ജഡേജക്ക് കൈമാറിയത്.
ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ നാലു മത്സരങ്ങളില്‍ റെയ്ന നയിച്ചിരുന്നു.