Wednesday, May 1, 2024
keralaNews

കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലയില്‍.ജില്ലയിലാകെ വ്യാപക കൃഷി നാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മലയോരത്ത് രാത്രിയാത്ര നിരോധിച്ചു.നെയ്യാറ്റിന്‍കരയില്‍ ദേശീയപാതയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കോവളത്ത് രണ്ടു വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വിഴിഞ്ഞത് ഗംഗായാര്‍ തോട് കരകവിഞ്ഞ് സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറി. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.

തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതെ പെയ്യുകയാണ്. നെയ്യാറ്റിന്‍കര ടി.ബി ജംഗ്ഷന് സമീപം ദേശീയ പാതയിലെ പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇതോടെ തിരുവനന്തപുരത്തേക്കും നാഗര്‍കോവിലിലേക്കുമുള്ള ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ ഓലത്താനി വഴി തിരിച്ചുവിടുകയാണ്. തീരദേശ മേഖലയില്‍ കനത്ത മഴ തുടരുകയാണ്. കോവളം വാഴമുട്ടത്ത് രണ്ടു വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണു. ആളപായമില്ലെന്നതാണ് ആശ്വാസം. പെരിങ്ങമലയില്‍ മഞ്ജുദാസിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി.ശിവന്‍കുട്ടി സന്ദര്‍ശിച്ചു.ഗംഗയാര്‍ തോട് കരകവിഞ്ഞ് വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപം കടകളിലും വീടുകളിലും വെള്ളം കയറി. അടിമലത്തുറയില്‍ മുപ്പതില്‍ അധികം വീടുകളിലാണ് വെള്ളം കയറിയത്.വിതുര, പെന്‍മുടി, പാലോട് ,നെടുമങ്ങാട് ഉള്‍പ്പെടെ മലയോര മേഖലയില്‍ കനത്ത മഴയാണ്. കനത്ത മഴയ്‌ക്കൊപ്പം അരുവിക്കര, നെയ്യാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാക്കി.