Sunday, May 5, 2024
indiaNews

യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടാത്ത കരാര്‍ ജീവനക്കാരെയെല്ലാം ഒഴിവാക്കി.

യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടാത്ത കരാര്‍ ജീവനക്കാരെയെല്ലാം ഒഴിവാക്കി. ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ ചിലരെ സ്ഥലം മാറ്റി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ മൊഴി നല്‍കിയ, യുഎഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിക്കെതിരെ നടപടി സ്വീകരിച്ചതായും സൂചനയുണ്ട്. സ്വര്‍ണക്കടത്തു വിവാദത്തെത്തുടര്‍ന്ന് നാട്ടിലേക്കുപോയ അല്‍സാബി പിന്നീട് തിരികെ എത്തിയിട്ടില്ല.

ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യുഎഇയുടെ വിദേശകാര്യമന്ത്രാലയമാണ്. ജോലിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ റിക്രൂട്ടിങ് ഏജന്‍സി വഴി നിയമിക്കപ്പെട്ടവരാണ്. ഡിപ്ലോമാറ്റിക് അല്ലാത്ത വിഭാഗങ്ങളിലുള്ള ജീവനക്കാരെയും ഇനി മുതല്‍ വിദേശകാര്യമന്ത്രാലയമായിരിക്കും നിയമിക്കുക. നിയമനങ്ങളില്‍ ബാഹ്യസമ്മര്‍ദം ഉണ്ടായതിനെത്തുടര്‍ന്നാണ് സ്വപ്ന അടക്കമുള്ളവര്‍ക്ക് കോണ്‍സുലേറ്റില്‍ നിയമനം ലഭിച്ചതെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമായത്. സെക്രട്ടറിയായി ആദ്യം കണ്ടെത്തിയ യുവതിയെ ഒഴിവാക്കിയാണ് സ്വപ്നയെ നിയമിച്ചത്. സെക്രട്ടറിയായിരുന്ന സ്വപ്നയും പിആര്‍ഒ സരിത്തും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് വാങ്ങിയിരുന്നത്.

ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് തല്‍ക്കാലം പ്രധാന ചുമതലകളൊന്നും നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നറിയുന്നു. സ്വര്‍ണക്കടത്ത് സംബന്ധിച്ചു യുഎഇയിലും അന്വേഷണം നടക്കുന്നുണ്ട്. ജമാല്‍ ഹുസൈന്‍ അല്‍സാബിയെയും മുന്‍ അറ്റാഷേ റഷീദ് ഖമീസ് അല്‍ ഷെമേലി എന്നിവരെ പ്രതിചേര്‍ക്കാന്‍ വിദേശകാര്യമന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കിയിരുന്നു. യുഎഇ അനുമതി ലഭിച്ചാലേ ഇവരെ ചോദ്യം ചെയ്യാനാകൂ.