Sunday, May 5, 2024
indiaNews

‘കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 20 കിലോ അരി സൗജന്യം’

വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നീക്കവുമായി അരുണാചല്‍ സര്‍ക്കാര്‍. കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് അരി സൗജന്യമായി നല്‍കാനാണ് തീരുമാനം. ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. 20 കിലോ അരിയാണ് സൗജന്യമായി നല്‍കുക. അരുണാചല്‍ പ്രദേശിലെ ലോവര്‍ സുബാന്‍സിരി ജില്ലയിലെ യാസലിയിലെ അധികൃതരാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ടുവെച്ചത്.വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റുകയും ജനങ്ങളെ പരമാവധി വാക്സിന്‍ എടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. അരി പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 80 അധികം പേര്‍ വാക്സിന്‍ എടുക്കാനെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായിരുന്നു വാഗ്ദാനം നല്‍കിയത്. അകലെയുള്ള ഗ്രാമങ്ങളില്‍നിന്ന് വാക്സിന്‍ എടുക്കാനും പലരും എത്തിയത് കാല്‍നടയായിട്ടാണെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കിളിലെ എല്ലാ ഗ്രാമങ്ങളിലും വാക്സിനേഷന്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഒപ്പം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അരി നല്‍കാനും മറന്നില്ല.