Tuesday, April 30, 2024
keralaNews

കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കും.

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കും. ഇതിനുള്ള നടപടികള്‍ ഊര്‍ജിതമായി നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. അടിയന്തര പ്രാധാന്യത്തോടെ ആശുപത്രി വികസന സമിതി രൂപവത്ക്കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. എം ബി ബി എസ് കോഴ്‌സ് തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും നിര്‍ദേശിച്ചു. ശബരിമലക്ക് സമീപത്തെ മെഡിക്കല്‍ കോളജാണ് കോന്നിയിലേത്. ശബരിമല തീര്‍ഥാടനകാലം കൂടി മുന്നില്‍ കണ്ടാണ് ത്വരിതഗതിയില്‍ നടപടികള്‍ മുന്നോട്ട് നീക്കുന്നത്. അത്യാഹിത വിഭാഗത്തിനുള്ള പ്ലാന്‍ തയാറാക്കി കഴിഞ്ഞതായും മൂന്ന് മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജിലെ ഒ പി സംവിധാനം ശക്തിപ്പെടുത്തും.ഐ സി യു സംവിധാനം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയും സജ്ജമാക്കും. വര്‍ക്കിംഗ് അറേജ്‌മെന്റില്‍ പോയ ജീവനക്കാരെ തിരിച്ചു വിളിക്കുന്നതിന് പുറമെ കരാറടിസ്ഥാനത്തിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കും. അധിക തസ്തികള്‍ സൃഷ്ടിക്കാനായുള്ള പ്രൊപ്പോസല്‍ പരിശോധിച്ച് അത്യാവശ്യമായത് സര്‍ക്കാറിന് നല്‍കണം.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ പത്തനംതിട്ട ജില്ലയ്ക്കു സഹായകമാകാന്‍ മെഡിക്കല്‍ കോളജില്‍ ശിശുരോഗ വിഭാഗം ആരംഭിക്കും. മെഡിക്കല്‍ കോളജില്‍ അടിയന്തരമായി പീഡിയാട്രിക് ഐ സി യു സജ്ജമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. പ്രധാന ഉപകരണങ്ങളെല്ലാം കെ എം എസ്സി എല്‍ എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ എത്രയും വേഗം എത്തിക്കും. സ്വീവേജ് ട്രീറ്റിങ് പ്ലാന്റ്, ഫയര്‍ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള ഫണ്ട് കണ്ടെത്തും.

കെ യു ജനീഷ് കുമാര്‍ എം എല്‍ എ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്ത് റെഡ്ഡി, കെ എം എസ്സി എല്‍ എം ഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ റംലബീവി, ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, കോന്നി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എസ് സജിത്ത് കുമാര്‍, ഡി എം ഒ. ഡോ. എ എല്‍ ഷീജ, ഡി പി എം. ഡോ. എബി സുഷന്‍ യോഗത്തില്‍ പങ്കെടുത്തു.