Tuesday, May 14, 2024
keralaNews

560 പേരുടെ ചിതാഭസ്മം കാവേരി നദിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍.

ഏറ്റുവാങ്ങാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിന്റെ ചിതാഭസ്മം അന്ത്യകര്‍മങ്ങള്‍ ചെയ്ത് നദിയിലൊഴുക്കി കര്‍ണാടക സര്‍ക്കാര്‍. 560 പേരുടെ ചിതാഭസ്മം ആണ് കര്‍ണാടക റവന്യുമന്ത്രി ആര്‍.അശോകിന്റെ സാന്നിധ്യത്തില്‍ ആചാരപ്രകാരമുള്ള അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് കാവേരി നദിയില്‍ നിമഞ്ജനം ചെയ്തത്.

ബിബിഎംപി പരിധിയിലെ 12 ശ്മശാനങ്ങളിലായി സംസ്‌കരിച്ച 1200 ഓളം പേരുടെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ രണ്ടാഴ്ച പിന്നിട്ടിട്ടും ബന്ധുക്കള്‍ എത്തിയിരുന്നില്ല. കോവിഡ് പകരുമോ എന്ന ഭയവും ലോക്ഡൗണും യാത്രാ വിലക്കും ഉറ്റവരുടെ ചിതാഭസ്മം ഏറ്റുവാങ്ങാന്‍ തടസമായി. ഇതില്‍ 560 പേരുടെ ചിതാഭസ്മമാണ് ബന്ധുക്കളുടെ രേഖാമൂലമുള്ള സമ്മതപ്രകാരം ആര്‍.അശോകയുടെ നേതൃത്വത്തില്‍ മണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണയില്‍ കാവേരി നദിയില്‍ നിമഞ്ജനം ചെയ്തത്.