Friday, May 10, 2024
keralaNews

21 വര്‍ഷങ്ങള്‍ക്കു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വൈദ്യുതിയെത്തി

കുമളി: 21 വര്‍ഷങ്ങള്‍ക്കു ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും വൈദ്യുതിയെത്തി. 1.65 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി. വള്ളക്കടവ് മുതല്‍ അണക്കെട്ട് വരെയുള്ള 5.65 കിലോമീറ്ററില്‍ കിടങ്ങ് തയ്യാറാക്കി കേബിള്‍ വലിച്ചാണ് അണക്കെട്ടിലേക്ക് വൈദ്യുതിയെത്തിച്ചത്.

വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി എംഎംമണി ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇഎസ് ബിജിമോള്‍ എംഎല്‍എ അധ്യക്ഷയായി. വനമേഖലയിലൂടെ കേബിള്‍ വലിക്കുന്നതിനായി കെഎസ്ഇബി വനംവകുപ്പിന് 13 ലക്ഷം രൂപയും നല്‍കി.

പെരിയാര്‍ കടുവാ സങ്കേതത്തിലെ വൈദ്യുതിലൈനില്‍ തട്ടി ആന ചരിഞ്ഞതോടെ 2000ലാണ് അണക്കെട്ടിലേക്കുള്ള വൈദ്യുതിവിതരണം നിര്‍ത്തിവെച്ചത്. അണക്കെട്ട്, ഗാലറി, ക്വാര്‍ട്ടേഴ്സ്, സ്പില്‍വേ ഷട്ടറുകള്‍ എന്നിവിടങ്ങളിലേക്ക്, ജനറേറ്റര്‍ ഉപയോഗിച്ചാണ് ഇതുവരെ വൈദ്യുതി നല്‍കിയിരുന്നത്.

വൈദ്യുതി കിട്ടാന്‍ വനംനിയമങ്ങള്‍ തടസ്സമായതോടെ തമിഴ്നാട് കോടതിയെ സമീപിക്കുകയും, 2001-ല്‍ ഭൂമിക്കടിയിലൂടെ കേബിളിട്ട് വൈദ്യുതി എത്തിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍, 2019-ലാണ് വനംവകുപ്പ് ഇതിന് അനുമതി നല്‍കിയത്. തുടര്‍ന്ന് പദ്ധതിക്കുള്ള 1.65 കോടി തമിഴ്‌നാട് കെഎസ്ഇബിക്ക് അടച്ചു.