Thursday, May 16, 2024
indiaNews

2022-23 ബജറ്റ് : നയപ്രഖ്യാപനം ആരംഭിച്ചു.

പാര്‍ലമെന്റിന്റെ 2022-23 വര്‍ഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയില്‍ തുടക്കമായി. ഡോ ബി ആര്‍ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു.കൊവിഡിനെതിരെ പോരാടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും നമിക്കുന്നു. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള ദര്‍ശനം മുന്നോട്ടു വച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് നേരിടാന്‍ എല്ലാവരും ഒരു സംഘമായി നിന്ന് പൊരുതി. സര്‍ക്കാരും പൗരന്മാരും ഐക്യത്തോടെ നിന്ന് പൊരുതിയത് ജനാധപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി പറഞ്ഞു.

രാജ്യത്ത് 150 കോടി വാക്‌സീന്‍ ഡോസുകള്‍ നല്കാന്‍ കഴിഞ്ഞു. 70 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്‌സീനേഷന്‍ തുടങ്ങാന്‍ കഴിഞ്ഞു. കരുതല്‍ ഡോസും നല്കി തുടങ്ങി. ഇന്ത്യയില്‍ തയ്യാറാക്കിയ വാക്‌സീനുകള്‍ ലോകത്തെയാകെ മഹാമാരി നേരിടാന്‍ സഹായിക്കും. ബിആര്‍ അംബേദ്ക്കറുടെ തുല്യതയ്ക്കുള്ള നയമാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കാനായി. 19 മാസം കൊണ്ട് 260000 കോടി രൂപ മുടക്കി 80 കോടിയിലധികം പേര്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്‍കി. ഈ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി 2022 മാര്‍ച്ച് 31 വരെ നീട്ടിയെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രണ്ടു കോടി വീടുകള്‍ പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിച്ചു നല്കി. ഹര്‍ ഘര്‍ ജല്‍ എന്ന പേരില്‍ എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കുന്നു. കാര്‍ഷിക രംഗത്തെ വികസനങ്ങള്‍ക്ക് കാരണം ചെറുകിട കര്‍ഷകരുടെ അദ്ധാനം. 11 കോടി കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധി പ്രകാരം 6000 രൂപ വീതം പ്രതിവര്‍ഷം നല്കി.നദീസംയോജന പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് രാഷ്ട്രപതി. മഹിളാ ശാക്തീകരണം സര്‍ക്കാരിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ്. സ്ത്രീകളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയര്‍ത്താനുള്ള ബില്ല് പരാമര്‍ശിച്ചു കൊണ്ടാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് നിരോധിക്കാനുള്ള നിയമവും വനിതാ ശാക്തീകരണത്തിനായിരുന്നുവെന്ന് രാം നാഥ് കോവിന്ദ് പറഞ്ഞു.