Monday, May 20, 2024
keralaNewsObituary

ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തയാള്‍ അപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കൊച്ചി: ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. തൃശൂര്‍ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടില്‍ (42) മരിച്ച സംഭവത്തിലാണ് കുടുംബം അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാദ്ധ്യമങ്ങളിലും ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും സലീഷിന്റെ സഹോദരന്‍ ശിവദാസ് വെട്ടിയാട്ടില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി അങ്കമാലി പോലീസ് അറിയിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരിക്കുന്നത്. സലീഷ് ഓടിച്ച കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് സലീഷിന്റെ കുടുംബം ഇപ്പോള്‍ പറയുന്നത്. ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷിന്റെ എറണാകുളത്തെ സര്‍വീസ് സെന്ററിലാണ് കൊടുത്തിരുന്നത്. ദിലീപുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.