Saturday, May 11, 2024
indiakeralaNews

15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവിന്റെ സത്യ പ്രതിജ്ഞ ഉടന്‍. രാവിലെ 10.15നാണ് സത്യ പ്രതിജ്ഞ.തിരഞ്ഞെടുപ്പില്‍ 64 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച മുര്‍മു രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയാണ്. ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മുര്‍മു.ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ഹാളിലാണ് ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, മന്ത്രിമാര്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. ചീഫ് ജസ്റ്റിസ് എന്‍.വി രമണ നിയുക്ത രാഷ്ട്രപതിയ്ക്ക് സത്യവാചകം ചെല്ലിക്കൊടുക്കും. തുടര്‍ന്ന് മുര്‍മുവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ശേഷം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 6,76,803 വോട്ട് മൂല്യം നേടിയാണ് മുര്‍മു വിജയിച്ചത്. 2824 വോട്ടുകള്‍ മുര്‍മു സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിനായി 5,28,491 വോട്ട് മൂല്യമാണ് നേടേണ്ടിയിരുന്നത്. മൂന്നാംവട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ തന്നെ മുര്‍മു കേവല ഭൂരിപക്ഷം മറികടന്നു. ഒടുവില്‍ ചരിത്രനിമിഷത്തിന് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ട് രാഷ്ട്രത്തിന്റെ പ്രഥമപൗര സ്ഥാനത്തേക്കും സര്‍വസൈന്യാധിപയിലേക്കും ദ്രൗപദി മുര്‍മു ചുവടുവെക്കുകയായിരുന്നു.