Thursday, May 9, 2024
keralaNewsUncategorized

ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം:ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. തന്റെ വിശ്വാസ്യത കോടതിയില്‍ തെളിയിക്കാനായെന്ന് അദ്ദേഹം പറഞ്ഞു.                         

പ്രതീക്ഷിച്ച വിധിയാണ് ഹൈക്കോടതിയുടേതെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു വധഗൂഢാലോചനാ കേസ് രജിസ്റ്റര്‍ ചെയ്തത്.

27 ഓഡിയോ ക്ലിപ്പുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം വരെയുണ്ട്.

ഇപ്പോള്‍ പുറത്തുവന്നത് ടീസര്‍ ക്ലിപ്പുകള്‍ മാത്രമാണ്. എതിര്‍ കക്ഷികള്‍ നല്‍കിയ കേസുകള്‍ നേരിടാന്‍ തയ്യാറാണെന്നും ബാലചന്ദ്രകുമാര്‍ ഹൈക്കോടതി വിധിയ്ക്ക് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ചു.                               

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള നിര്‍ണായക വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്.

സംഭവം നടന്ന സമയത്ത് ദിലീപിന്റെ വീട്ടില്‍ പോയപ്പോള്‍ തനിക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചുവെന്നും അത് താന്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.

എന്നാല്‍ ബാലചന്ദ്രകുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നാണ് ദിലീപ് പറഞ്ഞത്. പൊതുബോധം അനുകൂലമാക്കാന്‍ ഗൂഢാലോചന നടത്തിയാണ് ബാലചന്ദ്രകുമാര്‍ മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതെന്നും ദിലീപ് പറഞ്ഞിരുന്നു.