Thursday, May 16, 2024
keralaNews

സ്‌കൂട്ടറില്‍ കാളയിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

തൃശ്ശൂര്‍: രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്‌കൂട്ടറില്‍ കാളയിടിച്ച് തെറിച്ചുവീണ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. തൃശൂര്‍ മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ ആയ കുറ്റൂര്‍ സ്വദേശി കെ.എ.ജോണ്‍സന്‍(48) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തും പാടത്ത് വെച്ച് ജോണ്‍സന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാള ഇടിക്കുകയായിരുന്നു.

ജോണ്‍സണ്‍ ധരിച്ചിരുന്ന ഹെല്‍മറ്റും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. റോഡിലൂടെ പോയ പല വാഹനങ്ങളും ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചില്ലെന്നും ആരോപണമുണ്ട്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഒരു കുടുംബമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ജോണ്‍സണ്‍ മരിച്ചിരുന്നു.

രണ്ട് വര്‍ഷമായി മണ്ണുത്തി സ്റ്റേഷനിലാണ് ഇദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടനല്ലൂര്‍ അഗസ്റ്റിന്‍ അക്കര സ്‌കൂള്‍ അധ്യാപികയായ ജിന്‍സിയാണ് ഭാര്യ. മക്കള്‍; ജിസ്മി, ജോയല്‍