Monday, May 20, 2024
indiakeralaNews

രക്ഷാപ്രവര്‍ത്തകരുടെ വിവരണം

കൂനൂര്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുമ്പോള്‍ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്തിന് ജീവന്റെ തുടിപ്പുണ്ടായിരുന്നുവെന്ന് സാക്ഷികള്‍. രക്ഷാപ്രവര്‍ത്തകരോട് പതിഞ്ഞ സ്വരത്തില്‍ തന്റെ പേര് പോലും അദ്ദേഹം പറഞ്ഞു എന്നാണ് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തന സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ പറയുന്നത്. ഹെലികോപ്റ്ററിന്റെ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ക്ക് സമീപം ആദ്യം എത്തിയ ഒരു വ്യക്തിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങള്‍ 2 പേരെ ജീവനോടെ രക്ഷിച്ചു, അതില്‍ ഒരാള്‍ സിഡിഎസ് ബിപിന്‍ റാവത്താണ്. അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പേര് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജീവന്‍ പോയത്. ജീവനോടെ രക്ഷപ്പെടുത്തിയ മറ്റൊരാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല, റിലീഫ് ആന്‍ഡ് റെസ്‌ക്യൂ ടീമില്‍ ഉള്‍പ്പെട്ടിരുന്ന എന്‍സി മുരളി പറഞ്ഞു.

ശരീരത്തിന്റെ താഴോട്ടാണ് ബിപിന്‍ റാവത്തിന് കൂടുതല്‍ പരിക്കേറ്റത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത ജനറല്‍ റാവത്തിനെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞാണ് ആംബുലന്‍സിലേക്ക് മാറ്റിയത്. കത്തിക്കരിഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളിലെ തീ കെടുത്താന്‍ ഫയര്‍ സര്‍വീസ് എഞ്ചിന്‍ കൊണ്ടുപോകാനുള്ള റോഡും ഇവിടെ ഇല്ലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തെ വീടുകളില്‍ നിന്നും പുഴകളില്‍ നിന്നും വെള്ളമെത്തിച്ച് നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായി. ഹെലികോപ്റ്റര്‍ തകര്‍ന്ന സ്ഥലത്ത് നിന്ന് 12 പേരുടെ ശരീരങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. രണ്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട രണ്ടുപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പിന്നീട് ജീവനോടെ രക്ഷപ്പെടുത്തിയ രണ്ടാമത്തെയാള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഹെലികോപ്റ്റര്‍ തകര്‍ന്നപ്പോള്‍ വലിയ ശബ്ദം കേട്ടുവെന്ന് 100 മീറ്റര്‍ അകലെയുള്ള കാടേരി നിവാസികള്‍ പറയുന്നു. ജില്ലാ അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.