Saturday, May 4, 2024
indiaNews

സ്വാതന്ത്ര്യ ഇന്ത്യയില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച ആദ്യ വനിതയായ ഷബ്‌നത്തിനായി കഴുമരമൊരുങ്ങുന്നു.

 

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച ആദ്യ വനിതയായ ഷബ്‌നത്തിനായി കഴുമരമൊരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്‌നയ്ക്കും കൂട്ടുപ്രതി സലീമിനുമാണ് ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. 2010 ലായിരുന്നു ഇത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉത്തര്‍പ്രദേശില്‍ ആരംഭിച്ചത്.

മഥുരയിലെ ജയിലിലാകും ഷബ്‌നത്തെ തൂക്കിലേറ്റുക. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവന്‍ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. അതേസമയം, പ്രതികളെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.

കാമുകനായ സലീമുമായുള്ള പ്രണയത്തെ വീട്ടുകാര്‍ എതിര്‍ക്കുമെന്ന് കരുതിയായിരുന്നു ഷബ്‌നം ക്രൂരമായ കൊലപാതകം പ്‌ളാന്‍ ചെയ്തത്. സ്വന്തം കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു ഷബ്‌നം. നിലവില്‍ ഷബ്നം ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ്‌ പണി കഴിപ്പിച്ച ഈ ജയിലില്‍ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല. 1947-ന് ശേഷം ഇന്ത്യയില്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിതയും ഷബ്നമായിരിക്കും.