Tuesday, May 14, 2024
keralaNewspolitics

സ്വാതന്ത്ര്യദിനാഘോഷം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പതാക ഉയര്‍ത്തും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങള്‍, സൈനിക് സ്‌കൂള്‍, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, അശ്വാരൂഡ പൊലീസ്, എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തുടങ്ങിയവര്‍ അണിനിരക്കുന്ന പരേഡ് നടക്കും.                മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.ജീവന്‍രക്ഷ പതക്കങ്ങളും വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളും വിതരണം ചെയ്യും.                                                 വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനാലാപനവും നടക്കും. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശിച്ചു.                                                   ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തും. ചടങ്ങുകള്‍ രാവിലെ ഒമ്പതിനോ അതിനുശേഷമോ നടക്കും. സബ് ഡിവിഷന്‍, ബ്ലോക്ക് തലം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആണ് പതാക ഉയത്തുന്നത്. ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയ ഗാനാലാപനത്തോടൊപ്പം സ്ഥാപന മേധാവി ദേശീയ പതാക ഉയര്‍ത്തും. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ 2002ലെ പതാക നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. പ്ലാസ്റ്റിക്ക് ഉപയോഗിച്ച് നിര്‍മിച്ച ദേശീയ പതാകകളുടെ നിര്‍മാണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ നിരോധിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളില്‍ ഹരിത പ്രോട്ടോകോള്‍ പാലിക്കണം. സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോട്ടിയായി പെതുഭരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തു ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്നു പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്.