Friday, May 17, 2024
keralaNews

സ്വര്‍ണക്കടത്ത്: ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് തല്‍ക്കാലം സ്റ്റേ ഇല്ല. കേസ് സ്റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഹര്‍ജിക്കാരനായ ജോയിന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ നിലവില്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ വാദിച്ചത്. മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലാണ് സ്വപ്ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത്, അല്ലാതെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ അല്ല. സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. വനിതാ പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ സ്വപ്ന മജിസ്ട്രേറ്റിനു പരാതി നല്‍കിയിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ അറിയിച്ചു.മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയിലാണ് ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തത്.