Monday, May 6, 2024
keralaNews

സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചയുടന്‍ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനം.

തൊടുപുഴ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചയുടന്‍ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനം. സ്വപ്ന സുരേഷിനു ജോലി നല്‍കിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോര്‍ഡിനോ ഇതില്‍ പങ്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആര്‍ഡിഎസ്) കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ പറഞ്ഞു. നിയമനം ബോര്‍ഡ് റദ്ദാക്കുകയാണെന്നും ശമ്പളം നല്‍കിയാല്‍ അതു തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തൊടുപുഴയിലെ ഓഫിസില്‍ എത്തിയാണ് എച്ച്ആര്‍ഡിഎസ് ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത്. മലയാളികളടക്കമുള്ള ആര്‍എസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നല്‍കിയത് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോര്‍ഡിന്റെയോ ചെയര്‍മാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ള ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ മാറ്റി ‘ഡമ്മി’ ബോര്‍ഡിന്റെ വിവരങ്ങള്‍ അജി കൃഷ്ണന്‍ എച്ച്ആര്‍ഡിഎസ് വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.