Saturday, May 4, 2024
keralaNews

സ്വപ്നം യാഥാര്‍ഥ്യമായി; ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ സ്വപ്നപദ്ധതിയായ ആലപ്പുഴ ബൈപാസ് നാടിന് സമര്‍പ്പിച്ചു. ഉച്ചക്ക് ഒന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത സംരംഭമാണ് ബൈപ്പാസ് ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 4.8 കി.മീ എലിവേറ്റഡ് ഹൈവേയാണ്. കടല്‍തീരത്തിന് മുകളിലൂടെ പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പാലവുമാണിത്.

1990ല്‍ കേന്ദ്രമന്ത്രിയായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ തറക്കല്ലിട്ട ബൈപാസ് പല കാരണങ്ങളാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ താല്‍പര്യമെടുത്ത് പ്രതിസന്ധികള്‍ ഓരോന്നായി തരണം ചെയ്താണ് നിര്‍മാണം വേഗത്തിലാക്കിയത്.

അതിനിടെ, ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്ന ചടങ്ങിലേക്ക് കെ.സി. വേണുഗോപാല്‍ എം.പിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി അധ്യക്ഷന്‍ എം. ലിജുവിന്റെ നേതൃത്വത്തില്‍ ബൈപ്പാസിലേക്കാണ് നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

ബൈപ്പാസിന്റെ സമീപത്ത് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി. പ്രവര്‍ത്തകര്‍ കുത്തിയിരിക്കാന്‍ ശ്രമിച്ചത് ഗതാഗത കുരുക്കിനും വഴിവെച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ആസൂത്രിതമായാണ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതെന്ന് എം. ലിജു പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്ടി കെ.സി. വേണുഗോപാലാണ്. മന്ത്രി ജി. സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും എം. ലിജു പറഞ്ഞു.

അതേസമയം, ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.സി. വേണുഗോപാല്‍ എം.പി പ്രതികരിച്ചു. ക്ഷണിച്ചിരുന്നെങ്കില്‍ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ എം.പിമാരെ ഒഴിവാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബൈപ്പാസ് യാഥാര്‍ഥ്യമാകാന്‍ താന്‍ ഒട്ടേറെ പ്രയത്‌നിച്ചു. തന്റെ നേതൃത്വത്തിലാണ് തറക്കല്ലിട്ടത്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചില്ലെങ്കിലും സന്തോഷമുള്ള ദിവസമാണ്. ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാത്ത വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.