Friday, May 17, 2024
keralaNews

സ്വകാര്യ കല്‍പിത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍

കോയമ്പത്തൂരിലെ സ്വകാര്യ കല്‍പിത സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗവേഷണത്തിനു സഹായിക്കേണ്ട അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് അത്യാഹിതം സംഭവിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പയ്യലൂര്‍മൊക്ക് ഓഷ്യന്‍ ഗ്രേയ്‌സില്‍ വിമുക്തഭടന്‍ കൃഷ്ണന്‍കുട്ടിയുടെ മകള്‍ കെ.കൃഷ്ണകുമാരിയെയാണു (33) കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കൊല്ലങ്കോട് പൊലീസ് കേസെടുത്തു. 11ന് രാത്രി ഒന്‍പതോടെ കൃഷ്ണകുമാരി വീടിന്റെ മുകള്‍ നിലയിലെ മുറിയിലേക്കു പോയി. ശബ്ദം കേട്ടു കുടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ കൃഷ്ണകുമാരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.5 വര്‍ഷമായി ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന കൃഷ്ണകുമാരിക്കു ചില അധ്യാപകരുടെ ഭാഗത്തുനിന്നു വ്യക്തിപരമായി അധിക്ഷേപങ്ങളുണ്ടായതായി സഹോദരി രാധിക ആരോപിച്ചു. ഗവേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു എത്തിയ കൃഷ്ണകുമാരിയെ കോളജില്‍ പ്രവേശിപ്പിച്ചില്ല. 20 വര്‍ഷം കഴിഞ്ഞാലും ഗവേഷണം പൂര്‍ത്തിയാക്കില്ലെന്ന തരത്തില്‍ ഗൈഡ് പറഞ്ഞതായും രാധിക ആരോപിച്ചു. ഗവേഷണ പ്രബന്ധം ഓരോ തവണയും അംഗീകാരത്തിനു നല്‍കുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു തള്ളി. ഗവേഷണം പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടാക്കിയതിനെത്തുടര്‍ന്നു കൃഷ്ണകുമാരി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഗുജറാത്തിലെ ബറോഡ മഹാരാജ സായാജി റാവു സര്‍വകലാശാലയില്‍ നിന്നാണു കൃഷ്ണകുമാരി ബിടെക്കും സ്വര്‍ണമെഡലോടെ എംടെക്കും പൂര്‍ത്തിയാക്കിയത്. ഇന്‍സ്‌പെയര്‍ അവാര്‍ഡ് ജേതാവാണ്. മാരത്തണ്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ വിജയിച്ചിട്ടുള്ള കൃഷ്ണകുമാരിക്കു മറ്റ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം ഇന്നു രാവിലെ 8ന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തില്‍. അമ്മ: രമാദേവി. സഹോദരങ്ങള്‍: ജയലക്ഷ്മി (ഗുജറാത്ത്), രാധിക (അസി. പ്രഫസര്‍, നെഹ്‌റു കോളജ്, പാമ്പാടി), രാജലക്ഷ്മി (അസി. പ്രഫസര്‍, ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, കൊടൈക്കനാല്‍).