Thursday, May 9, 2024
keralaNews

സ്ത്രീയുടെ ശബ്ദത്തില്‍ ഹണിട്രാപ്പ്; സഹോദരന്മാര്‍ അറസ്റ്റില്‍

കൊച്ചി:സ്ത്രീയുടെ ശബ്ദത്തില്‍ ഹണിട്രാപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍.

സ്ത്രീശബ്ദത്തില്‍ സംസാരിച്ച് ഹണിട്രാപ്പ് ഒരുക്കിയ കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണനും,ഗിരികൃഷ്ണനുമാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.

ഹണിട്രാപ്പിലൂടെ 46 ലക്ഷം രൂപയോളം സംഘം തട്ടിയെടുത്തുവെന്നാണ് വിവരം. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതികള്‍ ഹണിട്രാപ്പ് ഒരുക്കിയതെന്ന് കൊച്ചി മരട് പോലീസ് അറിയിച്ചു.

ഇരയായ വ്യക്തിയുടെ ഭാര്യയാണ് പരാതി നല്‍കിയത്. സ്ത്രീകള്‍ വിളിച്ച് തന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്നുണ്ടെന്നും അവര്‍ക്ക് പണം കൊടുക്കുകയാണ് ഭര്‍ത്താവെന്നും അറിഞ്ഞതിന് പിന്നാലെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു ഭാര്യ.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സ്ത്രീകളുടെ ശബ്ദത്തില്‍ വിളിച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് അറിഞ്ഞത്.കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണ്.

നിലവില്‍ മറ്റ് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മരട് പോലീസ് അറിയിച്ചു.