Wednesday, May 15, 2024
keralaNews

സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി.

പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണ് നിലവില്‍ ഇപ്പോഴുണ്ടായത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അടിയന്തരസാഹചര്യം നേരിടാന്‍ മറ്റൊരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടുണ്ടെന്നും വ്യക്തമാക്കിയ വൈദ്യുതി മന്ത്രി കോഴിക്കോട് നല്ലളത്തെ ഡീസല്‍ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

കേന്ദ്രപൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചത്. വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് ബോര്‍ഡ് അറിയിച്ചത്.

അതേസമയം നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.