Thursday, May 16, 2024
Newspoliticsworld

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഇല്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാന്‍ ശ്രമിക്കുന്നത്; മലാല

കാബൂള്‍:സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഇല്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായി. പ്രൈമറി സ്‌കൂളിനപ്പുറം പെണ്‍കുട്ടികള്‍ പഠിക്കുന്നത് തടയാന്‍ താലിബാന്‍ ഒഴിവുകഴിവുകള്‍ നിരത്തുന്നത് തുടരുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ക്ക് പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കാന്‍ മാത്രമേ ആദ്യം തൊട്ടേ താലിബാന്‍ അനുമതി നല്‍കിയിട്ടുള്ളൂ എന്ന് മലാല ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ബുധനാഴ്ച പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുമെന്നാണ് താലിബാന്‍ പറഞ്ഞിരുന്നത് എന്നാല്‍ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വെക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു.

അഫാഗാനിസ്താന്‍ പിടിച്ചടക്കിയതിന് ശേഷം നല്‍കിയ വാഗ്ദാനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണെന്നും മലാല ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികള്‍ക്കുള്ള സെക്കന്‍ഡറി സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഇന്നലെ താലിബാന്‍.ഉത്തരവിട്ടിരുന്നു. പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് താലിബാന്‍ പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളുകള്‍ വീണ്ടും അടച്ചത്. ആറാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കായി ചില സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള അനുമതി കഴിഞ്ഞ സെപ്തംബറില്‍ നല്‍കിയിരുന്നു.