Saturday, May 11, 2024
keralaNews

സ്‌കൂളില്‍ നിന്ന് ഭക്ഷ്യമന്ത്രി കഴിച്ച ഭക്ഷണത്തില്‍ തലമുടി.

തിരുവനന്തപുരം ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ മിന്നല്‍ പരിശോധന നടത്തിയശേഷം കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂളില്‍ നിന്ന് മന്ത്രി കഴിച്ച ഭക്ഷണത്തില്‍ മുടി .ചാനലുകളുടെ ലൈവ് സംപ്രേഷണത്തിനിടയിലായിരുന്നു മന്ത്രി ഭക്ഷണം കഴിച്ച പ്ലേറ്റില്‍നിന്ന് മുടി ലഭിച്ചത്. തുടര്‍ന്ന്, ഭക്ഷണം മാറ്റിവച്ച് മറ്റൊരു പാത്രത്തില്‍നിന്ന് മന്ത്രി ഭക്ഷണം കഴിച്ചു.സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി പാചകപ്പുരയും സ്‌കൂളിലെ സൗകര്യങ്ങളും വിലയിരുത്തി തൃപ്തി അറിയിച്ചശേഷമാണ് രണ്ട് കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കാനിരുന്നത്. മുടി ലഭിച്ചതോടെ മന്ത്രി പാത്രം നീക്കിവച്ചു. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ കൂടുതല്‍ ക്ലീനിങ് തൊഴിലാളികളുടെ ആവശ്യമുണ്ടെന്നും, കുറച്ചുകൂടി ഗൗരവത്തോടെ കാണാന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും മന്ത്രി പിന്നീട് പ്രതികരിച്ചു.

പാചകം ചെയ്യുന്ന തൊഴിലാളികള്‍ കുറവാണെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളില്‍ ആയിരത്തിനു മുകളില്‍ കുട്ടികളുണ്ട്. ഇപ്പോള്‍ രണ്ട് ജീവനക്കാരാണുള്ളത്. അവര്‍ തന്നെയാണ് എല്ലാ ജോലികളും ചെയ്യേണ്ടത്. നാളെ മുതല്‍ പ്രഭാത ഭക്ഷണവും ഉണ്ട്. രാവിലെ 8.30ന് ഭക്ഷണം കൊടുക്കണം. ആ ഭക്ഷണമൊരുക്കുന്നതും രണ്ടു ജീവനക്കാരാണെന്നും പ്രധാനാധ്യാപിക പറഞ്ഞു. വൃത്തിക്കുറവില്ലെന്നും പാചകക്കാരുടെ കുറവുണ്ടെന്നും സ്‌കൂള്‍ ജീവനക്കാര്‍ പറയുന്നു.