Saturday, May 11, 2024
EntertainmentkeralaNewsObituary

സുധിക്ക് വീട് വെയ്ക്കാന്‍ പുരോഹിതന്‍ സ്ഥലം നല്‍കി

കൊല്ലം : മിമിക്രി വേദികളില്‍ നിറസാന്നിധ്യമായിരുന്ന കൊല്ലം സുധി. സുധിയുടെ ആഗ്രഹം നിറവേറ്റി കൊടുക്കുകയാണ് അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ്. സുധിയുടെ കുടുംബത്തിന് വീട് വെയ്ക്കുന്നതിന് ഏഴ് സെന്റ് സ്ഥലമാണ് പുരോഹിതന്‍ ദാനമായി നല്‍കിയത്.                                                          സ്വന്തമായി വീട് വെയ്ക്കണമെന്നായിരുന്നു സുധിയുടെ ഏറ്റവും വലിയ ആഗ്രഹത്തിനിടെയാണ് അപ്രത്യക്ഷിത വിയോഗം. സുധിയ്ക്ക് വീട് വെച്ച് കൊടുക്കുന്നതിനായി നേരത്തെ തന്നെ ഒരുപാട് പേര്‍ സഹായവുമായി രംഗത്ത് വന്നിരുന്നു.                                                                                   എന്നാല്‍ സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ വീട് വെയ്ക്കാന്‍ സാധിച്ചിരുന്നില്ല. സുധിയുടെ മക്കളായ റിതുലിന്റെയും – രാഹുലിന്റെയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള രേഖകള്‍ സുധിയുടെ ഭാര്യ രേണുവും രാഹുലും പുരോഹിതന്റെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങി.                                                     കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിത് കൊടുക്കുന്നത്. തന്റെ കുടുംബ സ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിയ്ക്കും കുടുംബത്തിനും നല്‍കിയതെന്നും അദ്ദേഹത്തിന്റെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.                                                                                                                                             കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് കൊല്ലം സുധി കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.