Wednesday, May 8, 2024
keralaNewspolitics

സീറ്റ് ലഭിച്ചില്ല: തല മുണ്ഡനം ചെയ്ത് ലതികാ സുഭാഷിന്റെ പ്രതിഷേധം.

സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ലളിത സുഭാഷ് രാജിവച്ചു. ഡല്‍ഹിയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് ശക്തമായ നിലപാട് പ്രഖ്യാപിച്ച് ലതിക രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഇതോടൊപ്പം തലമുണ്ഡനം ചെയ്ത് നിലപാടുറപ്പിക്കുകയും ചെയ്തു അവര്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളിലും കഠ്വ സംഭവത്തില്‍ ഉള്‍പ്പെടെ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളിലും പ്രതിഷേധിച്ചാണ് താന്‍ തല മുണ്ഡനം ചെയ്യുന്നതെന്നും ലതിക പറഞ്ഞു.കോണ്‍ഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ, പാവപ്പെട്ടവരുടെ, പണമില്ലാത്തവരുടെ ഒപ്പം നില്‍ക്കണം. ഇപ്പോഴെങ്കില്‍ നിലപാട് എടുത്തില്ലെങ്കില്‍ എന്നും അപമാനിതയായി തുടരേണ്ടി വരും. പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യം സൈബര്‍ ലോകത്ത് കോണ്‍ഗ്രസ് അനുഭാവികള്‍ ഇനിയുള്ള നാളുകളില്‍ ഉന്നയിക്കും. പക്ഷേ ഇപ്പോഴില്ലെങ്കില്‍ ഇനി എപ്പോഴാണ് കോണ്‍ഗ്രസിനെ തിരുത്താനാവുക? തിരുത്തല്‍ ശക്തിയായി മാറുകയാണ് ലക്ഷ്യം. അപ്പക്കഷ്ണത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാളും നല്ലത് രാജിയാണ്. കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി നിലകൊള്ളുകയാണു വേണ്ടത്. ഞാനൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്കും പോകില്ല. എല്ലാവരും പറയുന്നുണ്ട് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍. അക്കാര്യത്തില്‍ ഉള്‍പ്പെടെ സാധാരണ പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തു മുന്നോട്ടു പോകും. തീരുമാനം വഴിയേ അറിയിക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

അഭിമാനത്തോടെ, കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക കേട്ടപ്പോള്‍ വനിതയെന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്നു പറഞ്ഞായിരുന്നു ലതിക മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. മഹിളാകോണ്‍ഗ്രസ് 20% സീറ്റ് വനിതകള്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 20% നല്‍കിയില്ലെങ്കില്‍പ്പോലും ഒരു ജില്ലയില്‍നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്നു പ്രതീക്ഷിച്ചു. പ്രസ്ഥാനത്തിനു വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് കെപിസിസി സെക്രട്ടറി രമണി പി.നായര്‍ ഉള്‍പ്പെടെ തഴയപ്പെട്ടു. എന്നും പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കുന്ന, തിരഞ്ഞെടുപ്പിനു വേണ്ടി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. പാര്‍ട്ടിക്കു വേണ്ടി അലയുന്ന വനിതകളെ ഉള്‍പ്പെടുത്തിയില്ല എന്നതു സങ്കടകരമാണ്. മുന്‍ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്തു പേര് ഉറപ്പിക്കുന്നതിനു വേണ്ടി ഇന്നലെ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരില്‍ ഷാനി മോള്‍ക്കും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

ഞാന്‍ ഏറ്റുമാനൂര്‍ സീറ്റ് ആഗ്രഹിച്ചിരുന്നു. 16 വയസ്സു മുതല്‍ ഈ പാര്‍ട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എംഎല്‍എമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോണ്‍ഗ്രസിനെ സേവിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ഓരോ തിരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോള്‍ എന്റെ പേര് കാണാറില്ല. അപ്പോഴും പാര്‍ട്ടിക്കു വേണ്ടി നിസ്വാര്‍ഥമായി ജോലിയെടുത്തിരുന്നു. ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത താലിയെ വരെ ചോദ്യം ചെയ്യുന്ന കമന്റുകള്‍ ഒരിക്കല്‍ ഒരു വിവാദത്തിന്റെ പേരില്‍ വന്നിരുന്നു. പാര്‍ട്ടിക്കു വേണ്ടി അതും നേരിടേണ്ടി വന്നു. ഏറ്റുമാനൂരില്‍ കൈപ്പത്തി അടയാളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നതാണ്. എനിക്കും ആഗ്രഹമുണ്ടായിരുന്നു മത്സരിക്കാന്‍. ആറു വയസ്സു മുതല്‍ ഉമ്മന്‍ചാണ്ടിയെ കണ്ടാണു പഠിച്ചത്. 24ാം വയസ്സു മുതല്‍ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ്. നേതാക്കളോടെല്ലാം പറഞ്ഞതാണ് ഏറ്റുമാനൂര്‍ സീറ്റ് പിടിക്കണമെന്ന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ, ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമോയെന്നു നോക്കാമെന്നാണു പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.