Thursday, May 16, 2024
keralaNewspolitics

സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും

കൊച്ചി: ഇടതുസര്‍ക്കാറിന് ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തോടെ സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. കൊവിഡ് മാര്‍ഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാര്‍ട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.ഇടതു സര്‍ക്കാറിന് ചരിത്രത്തിലാദ്യമായി തുടര്‍ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് സി പി എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈന്‍ ഡ്രൈവില്‍ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയില്‍ ഇന്ന് പതാക  ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയില്‍ ഇത്തവണ പതാക ഉയര്‍ത്തലുണ്ടാകില്ല. ബി രാഘവന്‍ നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികള്‍ക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ് താമസം ഒരുക്കിയിട്ടുള്ളത്.സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. സമ്മേളനത്തിന് സിപിഎം സജ്ജമായെന്ന് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സര്‍ക്കാരിന്‍െ വികസന നേട്ടങ്ങളെക്കുറിച്ചും വിവരിച്ചു.    സംസ്ഥാനത്തെ വികസനപദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാര്‍. വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. സി പി എമ്മിന്റെ ആശയസംഹിതയില്‍ ഉറച്ചുനിന്നാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള                   

വികസനരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയില്‍ അടക്കമുള്ള വിഷയത്തില്‍ സി പി എമ്മിന് ഉള്ളില്‍ നിന്നും തന്നെ എതിര്‍പ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്നും കോടിയേരി അവകാശപ്പെടുന്നു.