Thursday, May 2, 2024
keralaNewspolitics

സിപിഎം സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ; എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ല, തുടര്‍ന്നാല്‍ നടപടി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള പ്രാദേശികമായ എതിര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സിപിഎം തീരുമാനം. ഇന്നത്തെ മണ്ഡലം കമ്മറ്റി റിപ്പോര്‍ട്ടിങ്ങോടെ എതിര്‍പ്പുകള്‍ അവസാനിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നിട്ടും പരസ്യ പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ അച്ചടക്കനടപടിയെടുക്കും.തരൂരില്‍ പി.കെ.ജമീലയെ മാറ്റിയതു കൊണ്ട് സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കലാപം തീരുന്നില്ല. പൊന്നാനിയിലും കുറ്റ്യാടിയിലും കൊടിയുമേന്തി അണികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ അമ്പരപ്പിലാണ് പാര്‍ട്ടി. പൊന്നാനിയിലേത് താല്‍ക്കാലികമായ വികാരപ്രകടനമാണെന്ന് കരുതി ആശ്വസിക്കാനാണ് സംസ്ഥാന നേതൃത്വം ഇഷ്ടപ്പെടുന്നത്. എന്നാല്‍ ജനകീയനായ നേതാവ് ടി.എം.സിദ്ദിഖ് അവഗണിക്കപ്പെടുന്നെന്ന അമര്‍ഷം അണികളില്‍ പുകയുന്നുണ്ട്. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ എന്തുകൊണ്ട് പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് നേതൃത്വം വിശദീകരിക്കും.കുറ്റ്യാടിയിലും കേരള കോണ്‍ഗ്രസിന് മണ്ഡലം നല്‍കിയതു സംബന്ധിച്ച് ജില്ലാ നേതൃത്വം വിശദീകരിക്കും. അരുവിക്കരയിലും ജില്ലാ നേതൃത്വം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റിയെങ്കിലും പരസ്യ പ്രതിഷേധം ഉണ്ടാകാത്തത് സിപിഎമ്മിന് ആശ്വാസമായി. എന്നാല്‍ ഇന്ന് അരുവിക്കര മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നേക്കും. എറണാകുളത്തും ദേവികുളത്തും സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ആശയക്കുഴപ്പം തീര്‍ന്നിട്ടില്ല. എറണാകുളത്ത് യേശുദാസ് പറപ്പിള്ളിക്ക് പകരം ഷാജി ജോര്‍ജിനെ തന്നെ പരിഗണിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്ന് നിയോജക മണ്ഡലം കമ്മിറ്റികളില്‍ സ്ഥാനാര്‍ത്ഥികളാരെന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം പി.ബിയുടെ അനുമതിയോടെ നാളെ പ്രഖ്യാപനം നടത്താനാണ് തീരുമാനം.