Wednesday, May 15, 2024
keralaNews

വിനോദിനി മാത്രമല്ല, ബിനീഷും ഐ ഫോണ്‍ ഉപയോഗിച്ചു; അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ്.

യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്ക് കൈമാറിയ ഐഫോണ്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ശേഷം വിനോദിനി ബാലകൃഷ്ണനെ ഇഡിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനിടെ, ഐ ഫോണ്‍ ബിനീഷ് കോടിയേരിയും ഉപയോഗിച്ചിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചു.

കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ നിന്നാണ് ബിനീഷ് കോടിയേരിയും ഐ ഫോണ്‍ ഉപയോഗിച്ചിരുന്നു എന്ന് കസ്റ്റംസിനു വിവരം ലഭിച്ചത്. വിനോദിനിയുടെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചിരുന്നതെന്ന വിവരം കസ്റ്റംസ് ഇഡിക്ക് കൈമാറിയിട്ടുണ്ട്. ബിനീഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നമ്പറുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബംഗളൂരു ഇഡിയും അന്വേഷണത്തിന് തയ്യാറെടുക്കുന്നത്.അതേസമയം, വിനോദിനി കോടിയേരി നാളെ ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഫോണ്‍ സ്വപ്നയ്ക്ക് കൈമാറിയതാണ് എന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്തേക്കും. വിനോദിനിയുടെ മൊഴിയെടുത്ത ശേഷമാകും കസ്റ്റംസ് അന്വേഷണം സ്വപ്നയിലേയ്ക്ക് തിരിയുക.