Thursday, May 16, 2024
keralaNews

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍ വച്ച് സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങള്‍ നിലവില്‍ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണംനടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.

നിലവില്‍ കസ്റ്റഡിയിലുള്ളവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധനിച്ചു വരികയാണ്. ഹരിദാസന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മീഷണര്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാവുമെന്നും അറിയിച്ചു.