Tuesday, May 21, 2024
indiakeralaNews

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കാപ്പനെതിരായ കേസ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജി കോടതിയില്‍ എത്തുമ്പോള്‍ ഉള്ള സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായിട്ടാണ് കോടതി നോട്ടീസ് അയച്ചത്.

മുംബൈ മലയാളിയും വ്യവസായിയുമായ ദിനേശ് മേനോന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഇതേ കാര്യം ഉന്നയിച്ച് ദിനേശ് മേനോന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പിന്നീട് നിര്‍ത്തി വച്ചിരുന്നു. മാണി സി കാപ്പന്‍ മൂന്ന് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ വായ്പ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തിയെന്നാണ് ദിനേശ് മേനോന്റെ ആരോപണം.