Saturday, May 18, 2024
keralaNews

സാംബശിവന്‍ വിളിച്ചു; പക്ഷെ പോയില്ല. സര്‍ക്കാര്‍ ജോലിയും ലഭിച്ചു പോയില്ല. എനിക്ക് കലയാണ് വലുത് ;കൊച്ചുകുട്ടി.

തബല കെട്ടി,പിന്നെ വായിക്കും,കഥാപ്രസംഗം കഥയെഴുതി രചന നടത്തി പഠിപ്പിക്കും,പാട്ട് എഴുതി സംഗീതം നല്‍കും,കീ ബോര്‍ഡ് വായിക്കും, അങ്ങനെ സ്വന്തമായി പഠിച്ചെടുത്ത കലകളില്‍ അഭിമാനത്തോടെ വര്‍ഷങ്ങളുടെ കഥ പറയുകയാണ് എഴുപത്തിയഞ്ച് വയസുള്ള മുട്ടപ്പള്ളി സ്വദേശി മരുതികുന്നേല്‍ കൊച്ചുകുട്ടി.തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ കലയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് തബല വാങ്ങി പഠനം ആരംഭിച്ചു. പിന്നീട് കോട്ടയം സ്വദേശി കല്ലുവേലിപറമ്പില്‍ ശിവദാസന്‍ തമ്പി എന്ന തമ്പി ആശാന്റെ ശിക്ഷണത്തില്‍ തബല കെട്ടാന്‍ ആരംഭിച്ചതോടെയാണ് കൊച്ചുകുട്ടിക്ക് കലയോടുള്ള സ്‌നേഹം വഴിത്തിരിവായത്.കഥാപ്രസംഗവും,പാട്ടും,രചനയും എല്ലാം കണ്ടും-കേട്ടും പഠിച്ചു.
സമുദായത്തിന്റെ സജീവ പ്രവര്‍ത്തകനായി നിരവധി പാട്ടുകള്‍ സഭയ്ക്കുവേണ്ടി എഴുതി ഈണവും നല്‍കി.മുട്ടപ്പള്ളി പ്രവര്‍ത്തിച്ചിരുന്ന റേഡിയോ സുരഭി ക്ലബ്ബില്‍ തബല വായിച്ചും,കഥാപ്രസംഗം നടത്തിയും ശ്രദ്ധേയമായി. ഇതിനിടെ രണ്ട് ഡോക്യുമെന്ററികളിലും അദ്ദേഹം അഭിനയിച്ചു.നിരവധി വേദികളില്‍ കഴിവ് തെളിയിച്ച കൊച്ചു കുട്ടിക്ക്,പക്ഷേ കലയുടെ മുന്നണിപ്പോരാളിയാകാന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എരുമേലി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന് കഥാപ്രസംഗം നടത്താനെത്തിയ സാംബശിവനെ പരിചയപ്പെടുകയും കഥാപ്രസംഗ കലയോട് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് കൂടെ പോരാന്‍ സാംബശിവന്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ കഴിഞ്ഞില്ല.എട്ടാം ക്ലാസ് വരെ പഠിച്ച കൊച്ചുകുട്ടി നെടുങ്കാവ് വയല്‍ ഐടിസിയില്‍ നെയ്ത്ത് പഠിച്ച് പാസായി ജോലി ലഭിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോസ്റ്റ് ഓഫീസില്‍ ജോലി ലഭിച്ചുവെങ്കിലും പോകാന്‍ കഴിഞ്ഞില്ല.എന്നാലും കലകളോടുള്ള കൊച്ചുകുട്ടിയുടെ പ്രേമം പിന്നെയും വര്‍ദ്ധിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് തബലയുണ്ടാക്കി നല്‍കി.തബലയുടെ താളവും കൈകളുള്ള മെയ്വഴക്കവും തിരിച്ചറിഞ്ഞ കൊച്ചുകുട്ടി തനിക്കറിയാവുന്ന കഥകളെല്ലാം തന്റെ മക്കളെയും പഠിപ്പിച്ചു.സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടന്ന സബ് ജില്ലാ കലോത്സവത്തില്‍ മക്കള്‍ക്ക് സമ്മാനം കിട്ടിയതും കൊച്ചുകുട്ടി ഓര്‍ത്തെടുത്തു.30 വര്‍ഷമായി തുടരുന്ന തബലകെട്ടും,വായനയും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണെന്നും കൊച്ചുകുട്ടി പറഞ്ഞു.കലകള്‍ പഠിക്കുക എന്നത് ഒരു ദൈവാനുഗ്രഹമാണ്.എളിമത്വവും അറിവുമാണ് ഒരു കലാകാരനെ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കലാകാരനാണെങ്കിലും സര്‍ക്കാരില്‍ നിന്നും നാളിതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല.പക്ഷെ ഇക്കാര്യത്തില്‍ പരാതിയുമില്ല കൊച്ചുകുട്ടി പറഞ്ഞു.പരേതയായ സുമതിയാണ് ഭാര്യ ബിന്ദു,വിദ്യാധരന്‍,വിമല്‍കുമാര്‍ എന്നിവര്‍ മക്കളുമാണ്.