Sunday, April 28, 2024
educationkeralaNews

സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരം ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

സര്‍ക്കാരിന്റെയോ സിബിഎസ്ഇയുടെയോ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ 2021-22 അധ്യയനവര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും ഉറപ്പുവരുത്തണം. ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനു സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രവേശനം ഉറപ്പുവരുത്തണം.

തദ്ദേശ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിയിലുള്ള അംഗീകൃത സ്‌കൂളുകളുടെ പട്ടിക തയാറാക്കി നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും പത്ര- ദൃശ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും വേണം. എയ്ഡഡ് സ്‌കൂളുകളോടു ചേര്‍ന്ന് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കമ്മിഷന്‍ അംഗം റെനി ആന്റണിയുടെ ഉത്തരവില്‍ പറയുന്നു.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ 2016 മാര്‍ച്ച് 16ന് ഉത്തരവു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018-19 അധ്യയന വര്‍ഷം മുതല്‍ ഇത്തരം സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു സംസ്ഥാന സിലബസിലുള്ള സ്‌കൂളുകള്‍ക്കും സിബിഎസ്ഇ, ഐസിഎസ്സി സിലബസിലുള്ള സ്‌കൂളുകള്‍ക്കും അംഗീകാരത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പിന്നീടു നിര്‍ദേശം നല്‍കി.

അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ വര്‍ഷങ്ങളായി നീണ്ടു പോകുന്നതായി കമ്മിഷന്‍ വിലയിരുത്തി. ഇതുമൂലം ഒട്ടേറെ സ്‌കൂളുകള്‍ സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഓടനാവട്ടം ചെപ്പറ മുകളുവിള താഴേതില്‍ വീട്ടില്‍ ബി.മോഹനന്‍, പുനലൂര്‍ നെല്ലിപ്പള്ളി സ്വദേശി പി.വി.ചാക്കോ, ഓച്ചിറ ആലുംപീടിക കളരിക്കമണ്ണേല്‍ ശാര്‍ങ്ഗധരന്‍ തുടങ്ങിയവര്‍ നല്‍കിയ പരാതികളുടെ പൊതുസ്വഭാവം കണിക്കലെടുത്താണു കമ്മിഷന്‍ ഉത്തരവ്.